Sunday, October 21, 2018

എന്റെ കിളിക്കൂട്

ഹൃദയത്തിന്റെ ഉള്ളിൽ വർഷങ്ങൾ കൊണ്ട് ഞാൻ തീർത്ത ഒരു കൂടുണ്ട്. ഓർമ്മവെച്ച നാൾ മുതൽ കിട്ടിയ ,കയ്പുള്ള ചുള്ളിക്കമ്പുകളാലും, മുറിവേകിയ മുള്ളുകളാലും , ഇടക്കൊക്കെ  ഭാഗ്യംപോൽ  വീണു  കിട്ടിയ സ്നേഹതൂവലുകളാലും ഞാൻ മെനഞ്ഞുണ്ടാക്കിയ ഒരു കിളിക്കൂട്. അതിൽ കിളിയെ അടച്ചിടാൻ ഭയമായിരുന്നു എനിക്ക്. പലതരം ഭയങ്ങൾ, സ്വന്തം സ്വാതന്ത്രത്തെ ഹനിച്ച എന്നോട് ദേഷ്യം ഉണ്ടാകുമോ എന്ന ഭയം, പറക്കമുറ്റാതാവുമ്പോൾ എന്നെ പിരിഞ്ഞു പറന്നു പോകുമോ എന്ന ഭയം, എന്റെ സ്നേഹം മതിയാകുമോ എന്ന ഭയം. അങ്ങിനെ ഒഴിഞ്ഞ കിളിക്കൂടുമായ് ഞാൻ യാത്ര തുടർന്നു....
പല കിളികളെയും കണ്ടുമുട്ടിയെങ്കിലും, അവയെയൊന്നും കൂട്ടിലടക്കാൻ മനസ്സ് സമ്മതിച്ചില്ല..ഒരുപക്ഷെ ഒഴിഞ്ഞ കൂടിന്റെ ഭംഗി ഞാൻ ഏറെ ഇതിനകം ആസ്വദിച്ചുകഴിഞ്ഞിരിക്കാം....
വർഷങ്ങൾക്കിപ്പുറം , ഞാൻ ഇന്ന് ഒരു യുവതി അല്ല. വാർധ്യക്യമ് എന്നിൽ കാലത്തിന്റെ കയ്യൊപ്പുകൾ അർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ അസ്‌തമയം അടുത്തിരിക്കുന്നു. എന്റെ കിളിക്കൂട് ഇന്നും ശൂന്യം. ശൂന്യതയുടെ ഭംഗി ആസ്വദിക്കുവാൻ ഇന്ന് ഞാൻ എന്റെ കിളിവാതിൽ തുറന്നു നോക്കി. അവിടെ ഞാൻ കണ്ടു ചേതനയറ്റ ഒരു ശരീരം. നക്ഷത്രക്കണ്ണുള്ള, പഞ്ചവര്ണചിറകുള്ള, നീണ്ടുമനോഹരമായ വാലുള്ള ഒരു സുന്ദരൻ കിളി ...ഞാൻ അവനെ തൊട്ടു നോക്കി..അവൻ എഴുന്നേറ്റില്ല.. ഞാൻ തലോടി നോക്കി അവൻ തെല്ലുപോലും അനങ്ങിയില്ല...ഒരുപക്ഷെ അവൻ ഇത്രെയും നാൾ എന്റെ തലോടൽ മോഹിച്ചിരുന്നിരിക്കാം...അറിയില്ല...ഞാൻ പോലുമറിയാതെ എന്റെ കൂട്ടിൽ വിരുന്നുവെന്ന എന്റെ സുഹൃത്തേ നിന്നോട് മാപ്പു...ഒരിക്കലെങ്കിലും കൂടിന്റെ അകത്തേക്ക് ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് നിനക്ക് ഈ ഗതി വരില്ലാർന്നു.. പുറമല്ല അകമാണ് സത്യം എന്ന പ്രപഞ്ച സത്യം ഇന്ന് ഞാൻ തിരിച്ചറിയുന്നു....കിളിക്കൂട് ബാക്കിയാക്കി ഞാനും മടങ്ങട്ടെ.....

1 comment: