Friday, May 22, 2020

യാത്ര

'വിശക്കുന്നമ്മേ '- കുഞ്ഞുമരിയ ചിണുങ്ങിക്കൊണ്ടു അമ്മയെ നോക്കി. അമ്മ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.... 'ദാ ഇപ്പൊ തരാട്ടോ.... മോളു ഒരു പാട്ട് പാടിക്കെ..... പാട്ടു തീരുമ്പോളേക്കും അമ്മ ചോറ് തരാട്ടോ '.... 
ഏതോ ഒരു വലിയ കലാപ്രതിഭയുടെ മട്ടിൽ കുഞ്ഞുമരിയ ആദ്യം തൊണ്ടയൊന്നു മൂളിനോക്കി...... എന്നിട്ട്  തെല്ലു ഗൗരവത്തോടെ ചോദിച്ചു.. 'മിന്നാമിനുങ്ങിന്റെ പാട്ടു മതിയോ അമ്മേ? '... അടുപ്പിലെ കലത്തിൽ തവികൊണ്ട് ഇളക്കുന്നതിനിടയിൽ ,  പുകകൊണ്ടത് കൊണ്ടാവണം അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.... സാരിത്തുമ്പു കൊണ്ട് മുഖംതുടച്ചു കൊണ്ട് അമ്മ പറഞ്ഞു 'അമ്മടെ വാവ ഏതു  പാട്ടു പാടിയാലും മിടുക്കിയല്ലേ..... മോളു പാടിക്കോ.. '
കുഞ്ഞുവിരലുകളാൽ താളമിട്ടുകൊണ്ടു കുഞ്ഞുമരിയ പാടി 
'മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടണീ തിടുക്കം,   നീ തനിച്ചല്ലേ പേടിയാകില്ലേ കൂട്ടിനു ഞാനും പോന്നോട്ടെ..... '
പാട്ടുനിർത്തിയിട്ട് അവൾ അമ്മയെ നോക്കി... അമ്മയുടെ കണ്ണുകളിൽ അപ്പോഴും ഒരു നീർമണി തുളുമ്പാനായ് വെമ്പുന്നുണ്ടായിരുന്നു.... അടുപ്പിലെ പുക അടുക്കളയിൽ മൂടൽമഞ്ഞെന്നപോൽ  പരന്നുകഴിഞ്ഞിരുന്നു..... 
കുഞ്ഞുമരിയ ചോദിച്ചു - 'അമ്മേ.. അച്ഛന് ഒറ്റയ്ക്കുറങ്ങുമ്പോ പേടിയാവില്ലേ? '
കുഞ്ഞുമരിയയുടെ കവിളിൽ ഉമ്മകൊടുത്തുകൊണ്ടു അമ്മ പറഞ്ഞു - 'അച്ഛൻ ഒറ്റക്കല്ലല്ലോ.... അച്ഛന് കൂട്ടായിട്ടു ഒരുപാട് നക്ഷത്രങ്ങളുണ്ട്..... മോളുടേ പാട്ടു അച്ഛൻ ദാ ആകാശത്തുനിന്നു കേക്കുന്നുണ്ടല്ലോ.... അച്ഛന് ഒത്തിരി ഇഷ്ടാണ് മോളെ '
'എനിക്കും നക്ഷത്രങ്ങളോട് കൂട്ടുകൂടണമമ്മേ... എന്ത് രസമാ അവരെ കാണാൻ'
കുഞ്ഞുമരിയ ചിണുങ്ങാൻ തുടങ്ങി... 
അമ്മ അവളെ വാരിയെടുത്തു മടിയിൽ വെച്ചു... എന്നിട്ട് ചോദിച്ചു -'എനിക്കറിയാം നക്ഷത്രങ്ങളോട് എങ്ങിനെ കൂട്ടുകൂടണമെന്നു  . നമുക്ക് ഒരിടം വരെ പോവേണ്ടി വരും.... മോൾക്ക്‌ പോണോ? '
'എനിക്ക് വിശക്കുന്നമ്മേ.... നമുക്ക് ചോറ് കഴിച്ചിട്ട് പോവാ? '
'അത് പറ്റില്ല.... ഇപ്പൊ പോയാലെ അവരെ കാണാൻ പറ്റുള്ളൂ.... ഇനി വൈകിയാൽ അവര് ആകാശത്തു പോയിക്കളയും... നമുക്ക് അവരെ കണ്ടുകഴിഞ്ഞു വന്നിട്ട് ചോറുണ്ണാട്ടോ..' 'ഒത്തിരി പോണോ അമ്മേ? ... ഞാൻ എന്റെ പിറന്നാളുടുപ്പു ഇട്ടോട്ടെ '... കുഞ്ഞുമരിയ കുഞ്ഞുടുപ്പു എടുത്തു അമ്മയെ നോക്കി.... അമ്മ അവളുടെ കവിളിൽ ഒന്നൂടെ ഉമ്മവെച്ചു... 'നല്ല സുന്ദരി ആയിട്ടു പോവാട്ടോ... എന്റെ മോള് മിടുക്കിക്കുട്ടിയല്ലേ '... അമ്മ അവളെ തിടുക്കത്തിൽ അണിയിച്ചൊരുക്കി.... കണ്ണാടിയിൽ നോക്കിക്കൊണ്ടു അവൾ പുത്തനുടുപ്പിന്റെ ഭംഗി ആസ്വദിച്ചു.... 'നല്ല ഉടുപ്പ്. ... എന്നെ കാണാൻ ഇപ്പൊ ഒരു മാലാഖയെപ്പോലെ ഇല്ലേ അമ്മേ '.... അവളെ കോരിയെടുത്തിട്ടു അമ്മ പറഞ്ഞു 'എന്റെ മോള് മാലാഖക്കുട്ടിയാണ്..... നമുക്ക് പോവാം '
കുഞ്ഞുമരിയയെ തോളിലെടുത്തുകൊണ്ടു അമ്മ യാത്രയായി..... നക്ഷത്രങ്ങളുടെ കൂട്ടുതേടിയുള്ള യാത്ര... 
മടക്കമില്ലാത്ത യാത്ര.... 
അടുക്കളയിലെ അടുപ്പിൽ ശൂന്യമായ ഒരു കലം പുകതുപ്പിക്കൊണ്ടിരുന്നു ..