Saturday, March 16, 2019

കാതങ്ങൾക്കപ്പുറം


അന്നത്തെ സായാഹ്നത്തിന് എന്തോ ഒരു പ്രത്യേക സൗന്ദര്യമായിരുന്നു. മാർബിൾക്കല്ലിൽ മെനഞ്ഞ ബെഞ്ചിൽ അവൾ അവനു വേണ്ടി കാത്തിരുന്നു. എല്ലാ ശനിയാഴ്ച്ചകളിലും 5 മണിക്ക് ഈ കൂടിക്കാഴ്ച്ച പതിവായിരുന്നു. നീണ്ട 4 വർഷങ്ങളായിട്ടുള്ള പതിവ്. നാളിതുവരെയും മുടക്കം വന്നിട്ടില്ലാത്ത പതിവ്.

കാറ്റിന്റെ കുളിരലകൾ അലസമായി അഴിച്ചിട്ട മുടിയിഴകളിൽ ഉടക്കിയപ്പോൾ ചിന്തകളുടെ തടവറയിൽ നിന്നും അവൾ മോചിതയായി.. ഉടനെ അവൾ വാച്ചിൽ നോക്കി... നേരം ഒരുപാടു വൈകിയിരിക്കുന്നു. എന്താണ് അവൻ ഇത്രയും വൈകുന്നത്?.. ഇനിയിപ്പോൾ മറന്നു കാണുമോ? ഇല്ല ... ഒരിക്കലുമില്ല..

Queen's walk way - ഇതിനോടകം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ചുറ്റുമുള്ള ബെഞ്ചുകളും അവർ കയ്യടക്കിക്കഴിഞ്ഞിരുന്നു. നഗരത്തിന്റെ മത്തുപിടിപ്പിക്കുന്ന യാന്ത്രികതയിൽ നിന്നും ഒരു ഇടവേള... അതിനു വേണ്ടിയാവാം പലരും കടലിന്റെ കൂട്ടുകൂടാൻ ഇവിടെ ഓടിയെത്തുന്നതും...

അവൾ തൊട്ടടുത്തുള്ള ബെഞ്ചിലേക്ക് നോക്കി... വിരലുകൾ പരസ്പരം കോർത്തുകൊണ്ട് സായാഹ്നസൂര്യനെ കാണുന്ന യുവമിഥുനങ്ങൾ അവളുടെ ശ്രദ്ധയിൽപ്പെട്ടു. ഓർമ്മകളുടെ അമ്പുകൾ അവളുടെ മനസ്സിൽ പതിച്ചു. എന്നാൽ പൊടിഞ്ഞത് ചോരയല്ല, തേനായിരുന്നു.

ഒരുമിച്ചുള്ള യാത്രകൾ, പങ്കുവെച്ച സമ്മാനങ്ങൾ ,പരിഭവങ്ങൾ, പിണക്കങ്ങൾ, ഇണക്കങ്ങൾ, തമാശകൾ അങ്ങിനെ പലതും ഓർമ്മകളെ കീറിമുറിച്ച് കടന്നു പോയി...

എന്നാലും ഇവനെന്താണ് ഇത്രയും വൈകുന്നത്? അവൾ വീണ്ടും വാച്ചിൽ നോക്കി.. 6 മണി കഴിഞ്ഞിരിക്കുന്നു.. മഞ്ഞക്കുപ്പായം ഊരിവെച്ച് ഇരുട്ടിന്റെ കറുത്ത പുതപ്പിൽ ചുരുണ്ടുകൂടി മയങ്ങാൻ തിടുക്കം കൂട്ടുന്ന സൂര്യനോട് അവൾക്ക് ദേഷ്യം തോന്നി... ഇവനിതെന്തു പറ്റി? മുൻപൊരിക്കും അവൻ ഇത്രയും വൈകിയിട്ടില്ലല്ലോ .. എന്തോ ഒരു ഭയം... ഇനിയിപ്പോൾ എന്തെങ്കിലും അപകടം? ഇല്ല ... തെല്ലു ഭയത്തോടെ അവൾ ചുറ്റും കണ്ണോടിച്ചു.

    പരിചിതമായ ഒരു മുഖം അവൾ കണ്ടു. അതെ.... അവൻ!
ഇവനിതെന്താണ് പതിവു സ്ഥലം തെറ്റിച്ച് മാറിയിരിക്കുന്നത്?  ഇവൻ കരയുകയാണോ? ശെടാ... ഇവനിതെന്തു പറ്റി?
ആദ്യമായിട്ടാണ് അവന്റെ കലങ്ങിയ കണ്ണുകൾക്ക് അവൾ സാക്ഷിയാവുന്നത്..
ഇതിനു മാത്രം ഇവന് എന്താണ് സംഭവിച്ചത്? അവൾക്ക് ഒന്നും തന്നെ മനസ്സിലായില്ല.. അല്ല.... അവൻ ഉടുത്തിരിക്കുന്നത് പണ്ട് ഞാൻ സമ്മാനിച്ച ആ പിങ്ക് ഷർട്ടല്ലെ? പിങ്ക് നിറം ഇഷ്ടമല്ല എന്നൊക്കെപ്പറഞ്ഞ് അന്ന് എത്ര വഴക്ക് കൂടിയതാണ്... ഒരിക്കലും ഇത് ധരിച്ചിട്ടുമില്ല... എന്നിട്ട് ഇന്നിതെന്താ ഇങ്ങനെ?...

അവൾ ശബ്ദമുണ്ടാക്കാതെ, പതിയെ അവന്റെ അരികിലേക്ക് നടന്നു.. അവന്റെ കയ്യിൽ എന്തോ ഉള്ളത് അവൾ ശ്രദ്ധിച്ചു.. അതും നോക്കിയാണ് അവൻ കരയുന്നത്... അത് ഒരു photo ആയിരുന്നു... ആരുടേതെന്നറിയുവാൻ അവൾ എത്തി നോക്കി... സ്വന്തം photo കണ്ട് അവൾ അതിശയിച്ചു.

അവൾ വിളിച്ചു 'മനു..... നിനക്ക് എന്താ പറ്റിയത്? നീ എന്തിനാ കരയുന്നത്? '... അവൻ തിരിഞ്ഞു നോക്കിയില്ല.. അവൾ വീണ്ടും ഉറക്കെ വിളിച്ചു..... 'മനൂ.... എന്നെ നോക്ക് മനു.... '... അവൻ കേട്ടില്ല.... അവൻ മാത്രമല്ല, ആരും അവളെ കേട്ടില്ല. ആരും കണ്ടുമില്ല.
ഒരു നിമിഷം അവൾ സ്തബ്ധയായ് നിന്നു.

കാതങ്ങൾക്കപ്പുറം അവർ കണ്ടുമുട്ടട്ടെ!

Tuesday, March 5, 2019

സൺസെറ്റ്

അങ്ങകലെ ആഴിയുടെ അലകളെ പുൽകുന്ന സൂര്യനെ നോക്കി ഞാൻ നിശബ്ദയായ് നിന്നു. അസ്തമയം എന്ന മായക്കാഴ്ച്ച എനിക്ക് ഇന്നും അത്ഭുതമാണ്.... നാളെയുടെ പ്രതീക്ഷയെ ബാക്കി നിർത്തി ഇന്നിന്റെ വേദനകളെ കഴുകിക്കളയുവാൻ മുങ്ങാംകുഴിയിടാൻ തിടുക്കം കൂട്ടുന്ന സൂര്യൻ.....
കാലം പരുക്കേൽപ്പിച്ച എന്റെ വൃണങ്ങളെ അരുമയോടെ തലോടുന്ന അലകൾ... അറിയാതെ മിഴിയിൽ നിന്നും തുളുമ്പി വന്ന ഓർമ്മകളെ സ്നേഹത്തോടെ തുടച്ചു നീക്കുന്ന കാറ്റലകൾ... കണ്ണുനീരിന്റ ഉപ്പുരസം ഈ ഉപ്പു കാറ്റിന് ഏറെ ഇഷ്ടമായിരുന്നിരിക്കാം... അറിയില്ല.....
അതോ , അലകൾക്കു സമ്മാനിക്കാൻ എന്റെ മിഴിനീരിനെ മോഷ്ടിക്കുകയാണോ .... ഒരു പക്ഷേ അതാവാം തിരകൾക്ക് ഇത്ര ഉപ്പുരസം...
എത്ര പിണങ്ങിയാലും പതിവായി സാഗരത്തിൽ സംഗമിക്കുന്ന സൂര്യന്റെ സ്നേഹമാണോ, അതോ  എത്ര മാറ്റി നിർത്തിയിട്ടും തീരത്തിനെ തലോടുന്ന തിരയുടെ സ്നേഹമാണോ വലുത്?
    എന്റെ ചിന്തകൾ ചോദ്യങ്ങളുടെ ഒഴുക്കിൽ പെട്ടു... നാളെ എന്ന പ്രതീക്ഷ.... ഞാൻ കണ്ടെത്തിയ ഉത്തരം അതായിരുന്നു... കാലം കരുതി വെച്ചിട്ടുണ്ട് ഒരു പുലരി... ആ പുലരിയിൽ ഉണ്ടാവട്ടെ ഒരു പുഞ്ചിരി ..... സൂര്യനും, തിരകൾക്കും , തീരത്തിനും , എന്റെ ചുണ്ടിലും, അല്ല എല്ലാ ചുണ്ടുകളിലും...