Thursday, December 13, 2018

ബജി

തന്റെ നേർക്ക് നീട്ടിയ ആ പൊതി അവൾ വാങ്ങി...അച്ഛന്റെ സ്നേഹത്തിന്റെ ചൂട് ആ പൊതിയിൽ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛന്റെ നേർക്ക് ഒന്ന് നോക്കി...ഇതുവരെയും കാണാത്ത ഏതോ ഒരു സന്തോഷം ആ മുഖത്തുണ്ടായിരുന്നു...ആ സന്തോഷത്തിന്റെ അർഥം ഒരുപക്ഷെ ജീവിതത്തിന്റെ യാത്രയിൽ എന്നെങ്കിലും അവൾ കണ്ടെത്തുമായിരിക്കും.....

       ആ പൊതി അവൾ തുറന്നു നോക്കി....ബജി....ആ ബജിക്കു എന്തോ ഒരു പ്രത്യേക സ്വാദായിരുന്നു...അതുപോലൊരു ബജി അവൾ പിന്നീട് കഴിച്ചിട്ടില്ല ....പിന്നീട് കഴിച്ചതിനൊന്നും ഒരുപക്ഷെ അച്ഛന്റെ സ്നേഹം ഇല്ലാഞ്ഞത് കൊണ്ടാവാം.....ഒരു ജന്മം വീണ്ടുമെടുത്തിടാം, തരില്ലേ അവൾക്കു വീണ്ടും സ്നേഹ നിറച്ച ചൂട് പൊതികൾ?

Saturday, October 27, 2018

അപ്പൂപ്പൻതാടി

പുലരിയുടെ നെറുകയിൽ സിന്ദൂരം ചൂടുന്ന സൂര്യൻ, ആ മംഗല്യ  നിമിഷത്തിനു കുരവ എന്ന പോലെ കളകളാരവത്തോടെ  വരവേൽക്കുന്ന കിളികൾ, അമ്മ തൻ കുഞ്ഞിനെ തട്ടിവിളിച്ചുണർത്തും പോലെ പ്രകൃതിയെ തഴുകിയുണർത്തുന്ന മാരുതൻ , ഇന്നലെയുടെ ഇരുട്ടിനെ വെളിച്ചം കൊണ്ട് തലോടുന്ന സൂര്യരശ്മികൾ ....പ്രകൃതി എത്ര മനോഹരം...

അപ്പോൾ എവിടെ നിന്നോ ഒരു അപ്പൂപ്പൻതാടി എന്റെ ചിന്തകൾക്ക്  ഭംഗം വരുത്തിക്കൊണ്ട് എന്റെ മടിയിൽ സ്ഥാനം ഉറപ്പിച്ചു..ഞാൻ അതിനെ കൈകളിൽ എടുത്തു..
      ഞാൻ ചിന്തിച്ചു...എത്ര ചെറിയ ജീവിതമാണ് ഇതിന്റേത്..ചുമ്മാ പറന്നു നടക്കുക ...ഒന്നും ചെയ്യാനില്ലാത്ത ഒരു ജീവിതം...ഒന്നും നേടാനില്ലാത്ത ഒരു ജീവിതം...നാളെ ഞാൻ എവിടെയായിരിക്കും എന്നുപോലും തീരുമാനം എടുക്കാൻ  ത്രാണിയില്ലാത്ത ഒരു പാവം....
 
                      പിന്നെ ഞാൻ ചിന്തിച്ചു...എന്ത് വിഡ്ഢിത്തരം ആണ് ഞാൻ ചിന്തിക്കുന്നത്. ഒരു ഭാരവുമില്ലാതെ , ആർക്കും ഒരു ഭാരവുമേകാതെ ജീവിക്കുക എന്നത് ഒരു ഭാഗ്യം അല്ലെ..നാളെയുടെ ആകുലതകളില്ലാതെ ലോകം സഞ്ചരിക്കാൻ കഴിയുക എന്നത് ഒരു അനുഗ്രഹമല്ലേ?..ഏതൊരാളും , എത്ര വിഷമം മനസ്സിലുള്ള ആളാണെങ്കിലും, അപ്പൂപ്പൻതാടി കിട്ടിയാൽ അതിനെ ഒന്ന് ഊതിപ്പറപ്പിക്കില്ലേ? ഒരു നിമിഷമെങ്കിലും തന്റെ ദുഃഖങ്ങളൊക്കെ മറക്കില്ലേ, അറിയാതെയെങ്കിലും ഒന്ന് പുഞ്ചിരിക്കില്ലേ? .....
ഇതല്ലേ ഏറ്റവും പുണ്യമായ കാര്യം...അതുകൊണ്ടാവാം, നാം അതിനെ സ്വന്തമായി കാണുന്നത്, 'അപ്പൂപ്പൻ' എന്ന് വിളിക്കുന്നത്..അതെ 'അപ്പൂപ്പൻതാടി'...
ലോകത്തിൽ മറ്റൊരു ജീവജാലത്തിനും  ലഭിക്കാത്ത ഒരു അംഗീകാരം...

ചിന്തകളുടെ താഴ്വരയിൽ എന്നെ ഒറ്റയ്ക്കാക്കി, ചുണ്ടിൽ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട്  ആ അപ്പൂപ്പൻതാടി എങ്ങോ പറന്നുപോയി...

Thursday, October 25, 2018

മഴ

മഴ....അത് ഒരു വികാരമാണ്...ഓർമ്മയുടെ ക്യാൻവാസിൽ  ചിത്രങ്ങളെഴുതാൻ കാലം തന്ന നിറങ്ങൾക്കൊപ്പം ആ  വികാരവും  മാറിക്കൊണ്ടിരുന്നു..

മനസ്സുറക്കാത്ത പ്രായത്തിൽ ആരോ പറഞ്ഞു...ആകാശത്തിൽ ഓട്ട വീണു...അതാണ് മഴ എന്ന്...മനസ്സിൽ ഒരായിരം ചോദ്യങ്ങൾ...ആരാവും ഓട്ട ഇട്ടതു?...എന്തിനാവും ഇട്ടതു?...ആകാശത്തിനു നൊന്തു കാണുമോ?...


കാലം കലണ്ടർ മാറ്റി...മഴ പെയ്തു..
മഴ നനയാൻ ഒരുപാടു ഇഷ്ടം...എന്നാൽ  മുറ്റത്തിറങ്ങുമ്പോൾ, ചൂരൽവടിയുമായി പിറകെ വരും അമ്മ....നനഞ്ഞ നെറുക തോർത്തികൊണ്ടു അമ്മ പറയും ' പനി വരുത്തിവെക്കേണ്ട..ചുമന്നുകൊണ്ട് പോവാനൊന്നും എനിക്കുവയ്യ ' ...ചിലദിവസം മഴ രാത്രിയിൽ വിളിയ്കാതെ  വിരുന്നു വരും .ആ രാത്രികൾ  സംഗീതാത്മകം ആണ്....ചോർന്നൊലിക്കുന്ന മേൽക്കൂരക്ക് താഴെ വെയ്ക്കുന്ന സ്റ്റീൽപാത്രത്തിൽ മഴത്തുള്ളികൾ തീർക്കും  ഒരു സംഗീത നിശ.....

കാലം മാറി ...മഴ വീണ്ടും  പെയ്തു ...രണ്ടു ഹൈഡ്രജൻ അണു ഒരു ഓക്സിജൻ  അണുവുമായി ചേരുമ്പോൾ രൂപം പ്രാപിക്കുന്ന ജലം നീരാവിയായി, പിന്നീട് സാന്ത്രീകരിച്ചു താഴേക്ക് പതിക്കുന്ന  പ്രക്രിയ ...ശാസ്ത്രത്തിന്റെ അക്ഷരങ്ങൾ കൗതുകത്തോടെ നോക്കിയ ഒരു കാലഘട്ടം ....

കാലം...അത് വീണ്ടും മാറി...മഴ വീണ്ടും പെയ്തു...എന്നാൽ ഇപ്പോൾ പെയ്തത് പ്രണയമായിരുന്നു...വീണത് നെഞ്ചിലായിരുന്നു...അവന്റെ കൈപിടിച്ചു മഴ നനയുമ്പോൾ, മനസ്സിൽ മഞ്ഞുപെയ്യണ കുളിരാണ് ...നാളുകളായി വരണ്ടുകിടന്ന തരിശു നിലത്തു ആരോ വെള്ളം തളിച്ച ഒരു അനുഭൂതി..

കാലചക്രം വീണ്ടും ഉരുണ്ടു...മഴ പെയ്തു.. ഇന്നെനിക്കു മഴ ഒരു ഓർമ്മപുതുക്കലാണ്..ബാല്യത്തിന്റെയും, കൗമാരത്തിന്റേം താളുകൾ മറിച്ചുനോക്കാൻ കാലം തരുന്ന ഒരു അവസരം..ചില ഓർമ്മകൾ മഴയത്തു മാഞ്ഞുപോയി, ചിലതു മഴയത്തു ഞാൻ മായ്ചുകളഞ്ഞു..

കാലം വീണ്ടും മാറി...മഴ പെയ്തു...ആ മഴ ഞാൻ ഒറ്റയ്ക്ക് നനഞ്ഞു...ആരും വഴക്കും പറഞ്ഞില്ല...ആരും കൂട്ടും നിന്നില്ല....എന്റെ ഖബറിന്റെ മുകളിൽ പന്തൽ ഇല്ലാഞ്ഞത് കൊണ്ട് ആ മഴ മുഴുവൻ ഞാൻ കൊണ്ടു.....എന്തോ ഈ മഴയ്ക്ക് കണ്ണുനീരിന്റെ ഒരു ഉപ്പ്....

Wednesday, October 24, 2018

Break Up

Beyond the horizon...that was the limit of her love...the limit which she had convinced herself..
Nobody could love someone over that...
The last time when she saw him, he was shivering, he was struggling for words..And she read between those trembling...she was well aware that whatever he's talking was all lie..Still she stood like a stone but deep inside she was crying, she was hurt , her heart was broken into infinite pieces..she was fighting with her self-esteem not to shed any drop from her eyes...she held her fist as strong as she could....He kept on talking, and she was not at all bearing any attention over that...
It is funny and sad at the same time if you know the other person is lying  to you. 
She remembered the days she was happy with him..those magical moments...those little fights, those pampering...everything...
The time was running like river....He said his final words' Ok..Bye!'...This was all she could remember...She didn't uttered a word...And she saw him walking away ...she just crashed...her tears rolled over her cheeks...she felt like fainting..Her tears blurred her vision...And the final vision she saw was him walking away ....walking away from her, walking towards the horizon.

ചിണുങ്ങിയുടെ മീനൂട്ടി

മീനുക്കുട്ടിക്ക്   ഒരു  തത്ത  ഉണ്ടായിരുന്നു , 'ചിണുങ്ങി'  - അതായിരുന്നു  അവളുടെ  പേര് . മീനുക്കുട്ടിയെ  അവൾക്കു ഒത്തിരി ഇഷ്ടമായിരുന്നു. മീനുക്കുട്ടിയെ രാവിലെ തന്നെ പാട്ടുപാടി ഉണർത്തും, അവളോട് കുസൃതി പറയും, അവളുടെ കൂടെ കളിക്കും, അങ്ങിനെ അവർ നല്ല കൂട്ടുകാർ ആയിരുന്നു. മീനൂട്ടി കരഞ്ഞാൽ ചിണുങ്ങിയും കരയും. മീനൂട്ടിയെന്നു വെച്ചാൽ ചിണുങ്ങിക്കു ജീവനായിരുന്നു. 
അന്ന് മീനൂട്ടീടെ 5-ആം പിറന്നാൾ ആയിരുന്നു. പിറന്നാൾ സമ്മാനമായി അച്ഛൻ അവൾക്കു ഒരു കുയിൽക്കുഞ്ഞിനെ കൊടുത്തു. മീനൂട്ടിക്ക് ഒത്തിരി ഇഷ്ടമായി അതിനെ .  അവൾ അതിനു 'ചുന്ദരി' എന്ന് പേരിട്ടു. ചുന്ദരിയെ കിട്ടിയതോടെ മീനൂട്ടി ചിണുങ്ങിയെ പതിയെ മറന്നുതുടങ്ങി...ചുന്ദരിക്കുയിലിനെ   പോലെ അത്രേം നന്നായി പാടാനൊന്നും ചിണുങ്ങിതത്തക്കു പറ്റാത്തതിനെ പറ്റി പറഞ്ഞു മീനൂട്ടി എപ്പോളും ചിണുങ്ങിയെ കളിയാക്കിത്തുടങ്ങി ..ആരും കാണാതെ ചിണുങ്ങിതത്ത കരയുമായിരുന്നു. ..അങ്ങിനെയൊരിക്കൽ മീനൂട്ടിക്ക് അസുഖം വന്നു, കിടപ്പിലായി...നാട്ടിലെ വൈദ്യൻ വന്നു മീനൂട്ടിയെ നോക്കി...എന്നിട്ടു പറഞ്ഞു...' അങ്ങ് ദൂരെ കിഴക്കൻ മലയിൽ ഒരു അത്തിമരമുണ്ട്.അതിൽ നിന്നുള്ള  അത്തിപ്പഴം കഴിച്ചാൽ മീനൂട്ടിയുടെ അസുഖം മാറും...നാളെ പുലരും മുൻപ്  തന്നെ കിട്ടണം എങ്കിൽ മാത്രമേ കാര്യമുള്ളൂ '...ഇതെല്ലം ചിണുങ്ങി ഒളിഞ്ഞു കേട്ടു..ഇത്രയും ദൂരം കിഴക്കൻ മലയിൽ പോയി അത്തിപ്പഴം പറിക്കുക ദുഷ്ക്കരം , അതും പുലരിക്ക് മുൻപ്...മീനൂട്ടിയുടെ അച്ഛൻ തിടുക്കത്തിൽ യാത്ര പുറപ്പെട്ടു..പുലരാൻ ഇനി മണിക്കൂറുകൾമാത്രം ...
ചിണുങ്ങിത്തത്ത ആരുമറിയാതെ ഇതിനകം തന്നെ അത്തിമരം ലക്ഷ്യമിട്ടു പറന്നുതുടങ്ങിയിരുന്നു....കാറ്റിനേക്കാൾ വേഗത്തിൽ അവൾ പറന്നു ...മീനൂട്ടിയുടെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സിൽ മുഴുവൻ..അങ്ങിനെ അവൾ കിഴക്കൻ മലയിലെത്തി..ഇനി അത്തിമരം കണ്ടുപിടിക്കണം..അവൾ ചുറ്റും നോക്കി , ഒരുപാടു മരങ്ങൾ ഉണ്ട്. എന്നാൽ ഇതിൽ ഏതാണ് വൈദ്യൻ പറഞ്ഞ അത്തിമരം? അവൾക്കു സങ്കടമായി...ഇനി എന്റെ മീനൂട്ടിയെ എനിക്ക് കാണാൻ കഴിയില്ലേ? അവൾ കരയാൻ തുടങ്ങി...അപ്പോൾ പിറകിൽ നിന്നും ഒരു ശബ്ദം കേട്ടു..' ആരാ ആ കരയുന്നതു?''..അവൾ തിരിഞ്ഞുനോക്കി ..അതാ മൂങ്ങയപ്പൂപ്പൻ...
ചിണുങ്ങി കരഞ്ഞുകൊണ്ട് മൂങ്ങയപ്പൂപ്പനോട് കാര്യങ്ങൾ പറഞ്ഞു..അപ്പൂപ്പൻ പറഞ്ഞു
 'നീ കരയണ്ട കുട്ടി..അത്തിമരം എവിടെയാണെന്ന് എനിക്കറിയാം..ഞാൻ നിന്നെ സഹായിക്കാം.'
നീണ്ട ഒരു ദീർഘനിശ്വാസത്തിനു അപ്പൂപ്പൻ തുടർന്നു
' എനിക്ക് പ്രായമായി, രാത്രിയിൽ എനിക്ക് കാഴ്ചകൾ കാണുക എന്നത് പ്രയാസകരമാണ്...വെളിച്ചം ഇല്ലാതെ ഞാൻ നിന്നെ എങ്ങിനെ സഹായിക്കും?'
ചിണുങ്ങി ഒട്ടും മടിക്കാതെ തന്റെ വാലിൽ നിന്നും നീണ്ട ഒരു തൂവൽ പറിച്ചെടുത്തു..എന്നിട്ടു അതിൽ തീ കൊളുത്തിക്കൊണ്ടു  പറഞ്ഞു 
 ' അപ്പൂപ്പന് വേണ്ട വെളിചം ഞാൻ തരാം, എന്നെ ഒന്ന് സഹായിച്ചാൽ മാത്രം  മതി'..
തൂവലിൽ തീയും കത്തിച്ചുപിടിച്ചു ചിണുങ്ങി മൂങ്ങയപ്പൂപ്പന്റെ കൂടെ നടന്നു..ദൂരം കൂടുംതോറും, ചിണുങ്ങിയുടെ ദേഹത്തുള്ള തൂവലിന്റെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു..ഒടുവിൽ അവർ അത്തിമരചുവട്ടിൽ എത്തി ..അപ്പൂപ്പന് അവൾ നന്ദി പറഞ്ഞു, പിന്നെ ഒട്ടും മടിച്ചില്ല, മരത്തിൽനിന്നു അത്തിപ്പഴവും പൊട്ടിച്ചു തന്റെ കൊക്കിൽ കൊത്തിപ്പിടിച്ചുകൊണ്ടു അവൾ വീട്ടിലേക്കു യാത്ര തിരിച്ചു. അവളുടെ വേദനകളെ വക വയ്ക്കാതെ അവൾ മീനൂട്ടിയുടെ പക്കലേക്കു കുതിച്ചു...നേരം പുലരാൻ ഇനി അധിക നേരം ഇല്ല..തന്റെ സർവ്വശക്തിയുമെടുത്തു ചിണുങ്ങി ആഞ്ഞു പറന്നു.. അങ്ങിനെ അവൾ മീനൂട്ടിയുടെ അരികിലെത്തി , മീനൂട്ടിയുടെ വായിൽ അത്തിപ്പഴം വെച്ചുകൊടുത്തിട്ടു അവൾ പ്രാണൻ വെടിഞ്ഞു..

ഒരുപക്ഷെ ആ കൊച്ചു ശരീരം ഇതിനോടകം ഒത്തിരി വേദനകൾ സഹിച്ചുകാണും..
മീനൂട്ടിയെ അവൾക്കു ജീവനാണ്, സ്വന്തം ജീവൻ നൽകി അവൾ അത് തെളിയിച്ചു..
ചിണുങ്ങി ഇനി ഒരിക്കലും ഉണരില്ല, എന്നാൽ മീനൂട്ടി ഉണരും...അങ്ങകലെ പ്രഭാതം പൊട്ടിമുളച്ചു...

Tuesday, October 23, 2018

ഓർമ്മകൾ

കാലം മുള്ളുകൊണ്ടു കൊണ്ട് മനസ്സിൽ കോറിയ ഡയറിക്കുറുപ്പിന് ഞാൻ 'ഓർമ്മകൾ' എന്ന ഓമനപ്പേര് നൽകി. ചില താളുകൾ കാലം മാറ്റിയെഴുതി, ചിലതു ചീന്തിയെടുക്കപ്പെട്ടു,  ചിലതു മങ്ങിമറഞ്ഞുപോയി , മറ്റുചിലത് ഒരിക്കലും ഉണങ്ങാത്ത മുറിവായി ബാക്കിനിന്നു..
മറവി പലപ്പോഴും ഞാൻ കൊതിച്ചുപോയിട്ടുണ്ട്...എത്രയെളുപ്പമാണ് ചിലർ പലതും മറക്കുന്നത്..ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ...
പഠനകാലഘട്ടത്തിൽ പരീക്ഷയിൽ മാർക്ക് നേടിത്തന്ന എന്റെ ഓർമ്മകളെ പലരും 'മിടുക്കി' എന്ന് പറഞ്ഞു അംഗീകരിച്ചു, കൂട്ടുകാരുടെ പിറന്നാളിൽ ആശംസകളേകുമ്പോൾ അവർ  'താങ്ക്യൂ' എന്ന പ്രതിവാക്ക് നൽകി ആദരിച്ചു. എന്നാൽ ഓർമ്മയുടെ എല്ലാ താളുകളിലും കാലം കയ്യൊപ്പിട്ടതു ചുവന്ന മഷിയിലായിരുന്നു ..താളുകൾ മറിച്ചാൽ രക്തക്കറയും, കണ്ണീർ നനവും  കയ്യിൽ പതിയും .. ഓർമ്മകളിൽ നിന്നും ഒളിച്ചോടാൻ ഒരായിരം വട്ടം ഞാൻ ശ്രമിച്ചു..എന്നിൽനിന്നും എന്നിലേക്കുള്ള ദൂരം എന്നെ ഓർമ്മയുടെ തടങ്കലിലാക്കി ..നിദ്ര ഇന്നെനിക്കു താൽക്കാലിക ആശ്രയം... ഓർമ്മകളിൽ നിന്നുള്ള ഒരു രക്ഷപെടൽ...ഞാൻ ഉറങ്ങട്ടെ..ഒരിക്കലും ഉണരാൻകഴിയാതെ ഞാൻ ഉറങ്ങട്ടെ...

Monday, October 22, 2018

ഇരുട്ട്

നീണ്ട  കാത്തിരിപ്പിനൊടുവിൽ ഒരു വെള്ളി വെളിച്ചം ഞാൻ കണ്ടു. ഇരുട്ടിന്റെ മടിയിൽ മയങ്ങിക്കിടന്ന ഞാൻ വെളിച്ചത്തെ ആദ്യമായ് കണ്ടു..ഭയമെന്ന പുതപ്പിനെ തെല്ലു വേഗത്തിൽ വലിച്ചെറിഞ്ഞു , പ്രതീക്ഷ എന്ന പടവാളെടുത്തു ഞാൻ കുതിച്ചു..ഞാൻ നടന്നു , വീണ്ടും നടന്നു..നടന്നുകൊണ്ടേയിരുന്നു..എന്നാൽ വെളിച്ചം അകന്നുകൊണ്ടേയിരുന്നു..അടുക്കുംതോറും അകലുന്ന ചില ബന്ധങ്ങളെപ്പോലെ അത് അകന്നുകൊണ്ടേയിരുന്നു...ഇരുട്ടിനെ കീറിമുറിക്കുന്ന വെളിച്ചം എന്റെ കാലുകളിൽ മുറിപ്പാടുകൾ സമ്മാനിച്ചു..എങ്കിലും ഞാൻ മുറുകെ പിടിച്ചു എന്റെ പടവാളിൽ , എന്റെ പ്രതീക്ഷയിൽ ..ഇരുട്ടിൽ ദിക്കറിയാതെ ദിശയറിയാതെ വെളിച്ചത്തിനു പിറകെ പാഞ്ഞു മടുത്തു എനിക്ക്...ഞാൻ തിരികെ മടങ്ങട്ടെ?  ഞാൻ പിന്തിരിഞ്ഞു നോക്കി..ഇരുട്ടിന്റെ ഗർജനം ഞാൻ കേട്ടു...ഞാൻ മുന്നിലേക്ക് നോക്കി..വെളിച്ചം ഇതിനകം മറഞ്ഞുപോയി ..ഇപ്പോൾ ചുറ്റും കൂരിരുട്ടു മാത്രം...
അതെ ' വെളിച്ചം ദുഖമാണുണ്ണി...തമസ്സല്ലോ സുഖപ്രദം'
ഇരുട്ടിന്റെ മടിയിലേക്കു ഞാൻ വീണ്ടും വഴുതട്ടെ...തെല്ലൊന്നു മയങ്ങട്ടെ..

बेवफा तुझे कैसे कहूं ?

और     कितना  ढूंढोगे  तुम  हमें  बेवजह , बेपनाह
मिल  नहीं  पाओगे , ढूंढ  नहीं  पाओगे  तुम  हमें
अगर  मिलना   हि  है  तो  ज़रा  ख्यालों   में  खोज
या  तन्हाई  में  डुबकी  मार
शायद  मुलाकात   होंगी  तुझे  हमसे
पर  मिलना  तो  हम  तुझसे  रोज़  चाहते  हैं
और  दौड़ -दौड़कर  चले  आते  है  तेरेपास
तेरे  पलकों   के  छाव में  रहने  के  उम्मीद लेते  हुए
पर  क्या  करूँ  तू  तो   तब  सोया  रहते  है , सपनो  में  खोया  रहते है
लौटता  हूँ  में  तब  उदासी  हुयी
पर  सोचता  हूँ  कि  शायद  कल  तुम  मेरे  लिए  जागे रहेंगे
फिर  से  दौड़  आता  हूँ  और  लौट  जाता  हूँ
इतनी  हि थी  क्या  हमारे   प्यार ,  कि  एक  रात   के  नींद  भी  तू  खो  नहीं सकते ?
आज  हम  फिर  आउंगी  तेरे   पास … जागे   रहना  मेरे  लिए
एक  बार ….सिर्फ  और  सिर्फ  एक  हि  बार …..
क्या  पता  कि  यह  हमारे   आखरी  मुलाकात   हो ……….

Sunday, October 21, 2018

ज़ोर से न पकड़ो शीशे को

इतना ज़ोर से मत मारो इस दिल को शीशे से -कि
चोट तुझे लगे, खून तेरा बहें पर दर्द मुझे हो a

मेरे वादें

वादा  किया था  कि मैं  कभी  तुझसे  बिछड़ नहीं  जाउंगी
जब तक ज़िंदा थी तेरे  सॉस  में  छुपी  रही
जब  अपनी हि  सास  छूटा  तो सितारों  में  बसी   रही
एक  बार  ऊपर  तो  देखो  तारो  में , मुझे  हि  पाओगे
क्योंकि मैं  वादें तोड़नेवालों में नहीं रही

എന്റെ കിളിക്കൂട്

ഹൃദയത്തിന്റെ ഉള്ളിൽ വർഷങ്ങൾ കൊണ്ട് ഞാൻ തീർത്ത ഒരു കൂടുണ്ട്. ഓർമ്മവെച്ച നാൾ മുതൽ കിട്ടിയ ,കയ്പുള്ള ചുള്ളിക്കമ്പുകളാലും, മുറിവേകിയ മുള്ളുകളാലും , ഇടക്കൊക്കെ  ഭാഗ്യംപോൽ  വീണു  കിട്ടിയ സ്നേഹതൂവലുകളാലും ഞാൻ മെനഞ്ഞുണ്ടാക്കിയ ഒരു കിളിക്കൂട്. അതിൽ കിളിയെ അടച്ചിടാൻ ഭയമായിരുന്നു എനിക്ക്. പലതരം ഭയങ്ങൾ, സ്വന്തം സ്വാതന്ത്രത്തെ ഹനിച്ച എന്നോട് ദേഷ്യം ഉണ്ടാകുമോ എന്ന ഭയം, പറക്കമുറ്റാതാവുമ്പോൾ എന്നെ പിരിഞ്ഞു പറന്നു പോകുമോ എന്ന ഭയം, എന്റെ സ്നേഹം മതിയാകുമോ എന്ന ഭയം. അങ്ങിനെ ഒഴിഞ്ഞ കിളിക്കൂടുമായ് ഞാൻ യാത്ര തുടർന്നു....
പല കിളികളെയും കണ്ടുമുട്ടിയെങ്കിലും, അവയെയൊന്നും കൂട്ടിലടക്കാൻ മനസ്സ് സമ്മതിച്ചില്ല..ഒരുപക്ഷെ ഒഴിഞ്ഞ കൂടിന്റെ ഭംഗി ഞാൻ ഏറെ ഇതിനകം ആസ്വദിച്ചുകഴിഞ്ഞിരിക്കാം....
വർഷങ്ങൾക്കിപ്പുറം , ഞാൻ ഇന്ന് ഒരു യുവതി അല്ല. വാർധ്യക്യമ് എന്നിൽ കാലത്തിന്റെ കയ്യൊപ്പുകൾ അർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ അസ്‌തമയം അടുത്തിരിക്കുന്നു. എന്റെ കിളിക്കൂട് ഇന്നും ശൂന്യം. ശൂന്യതയുടെ ഭംഗി ആസ്വദിക്കുവാൻ ഇന്ന് ഞാൻ എന്റെ കിളിവാതിൽ തുറന്നു നോക്കി. അവിടെ ഞാൻ കണ്ടു ചേതനയറ്റ ഒരു ശരീരം. നക്ഷത്രക്കണ്ണുള്ള, പഞ്ചവര്ണചിറകുള്ള, നീണ്ടുമനോഹരമായ വാലുള്ള ഒരു സുന്ദരൻ കിളി ...ഞാൻ അവനെ തൊട്ടു നോക്കി..അവൻ എഴുന്നേറ്റില്ല.. ഞാൻ തലോടി നോക്കി അവൻ തെല്ലുപോലും അനങ്ങിയില്ല...ഒരുപക്ഷെ അവൻ ഇത്രെയും നാൾ എന്റെ തലോടൽ മോഹിച്ചിരുന്നിരിക്കാം...അറിയില്ല...ഞാൻ പോലുമറിയാതെ എന്റെ കൂട്ടിൽ വിരുന്നുവെന്ന എന്റെ സുഹൃത്തേ നിന്നോട് മാപ്പു...ഒരിക്കലെങ്കിലും കൂടിന്റെ അകത്തേക്ക് ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് നിനക്ക് ഈ ഗതി വരില്ലാർന്നു.. പുറമല്ല അകമാണ് സത്യം എന്ന പ്രപഞ്ച സത്യം ഇന്ന് ഞാൻ തിരിച്ചറിയുന്നു....കിളിക്കൂട് ബാക്കിയാക്കി ഞാനും മടങ്ങട്ടെ.....