ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ മഴവില്ല് അവളായിരുന്നു... അവൾ മഴയെയാണോ അതോ മഴ അവളെയാണോ കൂടുതൽ പ്രണയിച്ചത്? അറിയില്ല...
കാർമേഘത്തിന്റെ ഇരുട്ടിന്റെ മറവിലൂടെയാണ് ഞാനവളെ ആദ്യമായി കണ്ടത്.. അവളുടെ പുഞ്ചിരി, അതിൽ എന്തോ ഒരു മാന്ത്രികതയുണ്ടായിരുന്നു... എന്നെ അവളിലേക്ക് അടുപ്പിച്ചതും അതെ പുഞ്ചിരിതന്നെ ആയിരുന്നു...
ഏഴുവർണങ്ങളുടെ നിറപ്പകിട്ടോടെ മാത്രമേ ഞാൻ അവളെ എന്നും കണ്ടിട്ടുള്ളു.. എന്നാൽ ആ നിറങ്ങൾക്ക് സന്ധ്യവരെ മാത്രമേ ആയുസ്സുള്ളൂ എന്ന് എനിക്കറിയില്ലായിരുന്നു...
രാത്രിയുടെ ഇരുട്ടിൽ അവൾ മാഞ്ഞുപോകുമ്പോൾ പലപ്പോഴും അവളുടെ മിഴിയിൽ മഴപൊടിയുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു...
രാത്രികൾ അവൾക്ക് സമ്മാനിച്ച നഖക്ഷതങ്ങളും, മുറിപ്പാടുകളും മറയ്ക്കുവാൻ അവൾ നിറക്കൂട്ടുകളെ കൂട്ടുപിടിച്ചു... കരഞ്ഞുകലങ്ങിയ മിഴികളിൽ അവളെഴുതുന്ന കറുത്തചായം അവളുടെ ജീവിതത്തിലും പടർന്നുപിടിക്കുകയായിരുന്നു... മഴവില്ലിന്റെ എട്ടാം വർണ്ണമാവുകയായിരുന്നു.....
Sunday, June 16, 2019
മഴവില്ല്
Monday, May 20, 2019
വാനനിരീക്ഷണം
എന്റെ ആത്മാവ് മേഘങ്ങളെ ലക്ഷ്യമാക്കി പറന്നുപൊങ്ങി ....പറക്കാൻ എന്തൊരു രസം ...ആദ്യത്തെ പറക്കൽ യാത്ര ഞാൻ ആസ്വദിക്കുകയായിരുന്നു. ശരീരത്തിനും മനസ്സിനും ഭാരമില്ലാതെ കാറ്റിന്റെ അലകളെ പുല്കികൊണ്ടു ഇങ്ങനെ ഉയർന്നുപൊങ്ങുമ്പോൾ ഞാൻ അനുഭവിച്ച ശാന്തത ജീവിച്ചിരുന്നപ്പോൾ ഞാൻ ഏറെ കൊതിച്ചതായിരുന്നു... വാനം എനിക്കായ് ഒരുക്കിയ മേഘത്തേരിൽ ഞാൻ വിശ്രമിക്കാനിരുന്നു.. ഞാൻ താഴേക്ക് നോക്കി...
എന്റെ വീട് ഞാൻ കണ്ടു...ഒരുപക്ഷെ ചടങ്ങുകൾ കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കും... എന്റെ ആത്മാവിനു ഇങ്ങു പറന്നെത്താൻ ദിവസങ്ങൾ വേണ്ടിവന്നിരിക്കാം.. എന്തായാലും വീട്ടിൽ പ്രത്യേകിച്ച് തിരക്കുകൾ ഒന്നും തന്നെ ഇല്ല... TV യിൽ നിന്നും സീരിയൽ സംഭാഷണങ്ങൾ കേൾക്കാം.
എന്റെ കണ്ണുകൾ എന്റെ സുഹൃത്തുക്കളെ തേടി...'BESTFRIEND FOREVER' എന്നു പറഞ്ഞ ചിലർ contact list ൽ നിന്നും എന്റെ പേര് delete ചെയ്തുകഴിഞ്ഞിരിക്കുന്നു.. എല്ലാവരും തിരക്കിലാണ്..
ഞാൻ എന്റെ പ്രിയതമനെ നോക്കി...അവനും മാറിയിരിക്കുന്നു.. മറ്റാരുടെയോ പേരെഴുതിയ ഒരു മോതിരം അവന്റെ വിരലിൽ സ്ഥാനം പിടിച്ചിരിക്കുന്നു...
എനിക്ക് പെട്ടെന്ന് ഒരു ക്ഷീണം പോലെ ..കണ്ണുകളൊക്കെ നിറയുന്നപോലെ...
ആത്മാക്കളുടെ കണ്ണുനീർ മഴയായ് ഭൂമിയിൽ പതിഞ്ഞു...അതിൽ ഒരു തുള്ളി ഞാനും പങ്കിട്ടു.
Friday, April 5, 2019
കരിന്തിരി
മരുന്നുകൾക്ക് മരണത്തിന്റെ ഗന്ധമാണ്. അതിന്റെ രൂക്ഷതയോട് എന്നും എനിക്ക് വെറുപ്പാണ്, എങ്കിലും ഞാൻ waiting room ൽ token വിളിക്കായി കാത്തിരുന്നു. തീർത്തും പരിചിതമല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു എനിക്കു ചുറ്റും.
എല്ലുമുന്തിയ ശരീരങ്ങൾ, അവയിൽ ജീവന്റെ തുടിപ്പ് വെറും അലങ്കാരം മാത്രം..... ബാല്യത്തിന്റെ നിഷ്കളങ്കതയെ കീറി മുറിക്കുന്ന കണ്ണീർ ചാലുകൾ പേറിയ കുറേ മുഖങ്ങൾ.... നരച്ച മുടിയിഴകൾക്കൊപ്പം നരച്ച ഓർമ്മകളെ പേറുന്ന മറ്റു ചില മുഖങ്ങൾ....
പെട്ടെന്ന് എന്റെ token number LED display ൽ തെളിഞ്ഞു. ഞാൻ എണീറ്റ് consulting room ലേക്ക് നടന്നു.
'ജിൻസി ?.. ഡോക്ടർ report മറിച്ചു കൊണ്ട് ചോദിച്ചു....' Yes doctor..' ഞാൻ മറുപടി പറഞ്ഞു. പ്രത്യേകിച്ച് യാതൊരു ഭാവവും പ്രതിഫലിക്കാത്ത ഒരു typical മുഖമായിരുന്നു അയാൾക്ക്...
'ജിൻസിയുടെ റിപോർട്ട്.....അത്....അത് positive ആണ്.... നമ്മുടെ സംശയം ശരിയായിരുന്നു.. tension അടിക്കണ്ട... നമുക്ക് നോക്കാം..'
positive എന്ന പദത്തിനപ്പുറം അയാൾ പറഞ്ഞ യാതൊന്നും ഞാൻ കേട്ടില്ല. എന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു ഞാൻ കേട്ടത്...
ഡോക്ടർ എന്റെ തോളിൽതട്ടി... 'ജിൻസി... Are you alright ?'
മറുപടി പറയാൻ എന്റെ നാവ് അനങ്ങുന്നില്ല... അത് കല്ലു പോലെ കട്ടയായി നിന്നു. നാവിനു പറയാൻ കഴിയാഞ്ഞ മറുപടി ധാരയായ് എന്റെ മിഴികളിൽ നിറഞ്ഞു.
ഞാൻ എണീറ്റു നടന്നു...door തുറന്ന് പുറത്തേക്ക് നടന്നു. waiting room ൽ അതേ മുഖങ്ങൾ, അതേ രൂപങ്ങൾ അപ്പോഴും ഉണ്ടായിരുന്നു.
ഞാൻ ഓടി.... ലക്ഷ്യമില്ലാതെ... എങ്ങോട്ടെന്നില്ലാ തെ... ആളുകൾ എന്നെ കൗതുകത്തോടെ നോക്കി... അവർക്ക് ഞാൻ ഒരു കാഴ്ചവസ്തു മാത്രമായിരുന്നു.... ഓടിത്തളർന്നപ്പോൾ ഞാൻ ചെന്നെത്തിയത് ഒരു പള്ളിക്ക് മുൻപിലായിരുന്നു.
ഞാൻ ഒരു നിമിഷം കണ്ണടച്ചു. മനസ്സിൽ ഒരു മുഖം തെളിഞ്ഞു വന്നു..... 'അമ്മ......'
'അമ്മേ.......' ഞാൻ നിലവിളിച്ചു കൊണ്ട് തറയിൽ ഇരുന്നു....
Saturday, March 16, 2019
കാതങ്ങൾക്കപ്പുറം
അന്നത്തെ സായാഹ്നത്തിന് എന്തോ ഒരു പ്രത്യേക സൗന്ദര്യമായിരുന്നു. മാർബിൾക്കല്ലിൽ മെനഞ്ഞ ബെഞ്ചിൽ അവൾ അവനു വേണ്ടി കാത്തിരുന്നു. എല്ലാ ശനിയാഴ്ച്ചകളിലും 5 മണിക്ക് ഈ കൂടിക്കാഴ്ച്ച പതിവായിരുന്നു. നീണ്ട 4 വർഷങ്ങളായിട്ടുള്ള പതിവ്. നാളിതുവരെയും മുടക്കം വന്നിട്ടില്ലാത്ത പതിവ്.
കാറ്റിന്റെ കുളിരലകൾ അലസമായി അഴിച്ചിട്ട മുടിയിഴകളിൽ ഉടക്കിയപ്പോൾ ചിന്തകളുടെ തടവറയിൽ നിന്നും അവൾ മോചിതയായി.. ഉടനെ അവൾ വാച്ചിൽ നോക്കി... നേരം ഒരുപാടു വൈകിയിരിക്കുന്നു. എന്താണ് അവൻ ഇത്രയും വൈകുന്നത്?.. ഇനിയിപ്പോൾ മറന്നു കാണുമോ? ഇല്ല ... ഒരിക്കലുമില്ല..
Queen's walk way - ഇതിനോടകം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ചുറ്റുമുള്ള ബെഞ്ചുകളും അവർ കയ്യടക്കിക്കഴിഞ്ഞിരുന്നു. നഗരത്തിന്റെ മത്തുപിടിപ്പിക്കുന്ന യാന്ത്രികതയിൽ നിന്നും ഒരു ഇടവേള... അതിനു വേണ്ടിയാവാം പലരും കടലിന്റെ കൂട്ടുകൂടാൻ ഇവിടെ ഓടിയെത്തുന്നതും...
അവൾ തൊട്ടടുത്തുള്ള ബെഞ്ചിലേക്ക് നോക്കി... വിരലുകൾ പരസ്പരം കോർത്തുകൊണ്ട് സായാഹ്നസൂര്യനെ കാണുന്ന യുവമിഥുനങ്ങൾ അവളുടെ ശ്രദ്ധയിൽപ്പെട്ടു. ഓർമ്മകളുടെ അമ്പുകൾ അവളുടെ മനസ്സിൽ പതിച്ചു. എന്നാൽ പൊടിഞ്ഞത് ചോരയല്ല, തേനായിരുന്നു.
ഒരുമിച്ചുള്ള യാത്രകൾ, പങ്കുവെച്ച സമ്മാനങ്ങൾ ,പരിഭവങ്ങൾ, പിണക്കങ്ങൾ, ഇണക്കങ്ങൾ, തമാശകൾ അങ്ങിനെ പലതും ഓർമ്മകളെ കീറിമുറിച്ച് കടന്നു പോയി...
എന്നാലും ഇവനെന്താണ് ഇത്രയും വൈകുന്നത്? അവൾ വീണ്ടും വാച്ചിൽ നോക്കി.. 6 മണി കഴിഞ്ഞിരിക്കുന്നു.. മഞ്ഞക്കുപ്പായം ഊരിവെച്ച് ഇരുട്ടിന്റെ കറുത്ത പുതപ്പിൽ ചുരുണ്ടുകൂടി മയങ്ങാൻ തിടുക്കം കൂട്ടുന്ന സൂര്യനോട് അവൾക്ക് ദേഷ്യം തോന്നി... ഇവനിതെന്തു പറ്റി? മുൻപൊരിക്കും അവൻ ഇത്രയും വൈകിയിട്ടില്ലല്ലോ .. എന്തോ ഒരു ഭയം... ഇനിയിപ്പോൾ എന്തെങ്കിലും അപകടം? ഇല്ല ... തെല്ലു ഭയത്തോടെ അവൾ ചുറ്റും കണ്ണോടിച്ചു.
പരിചിതമായ ഒരു മുഖം അവൾ കണ്ടു. അതെ.... അവൻ!
ഇവനിതെന്താണ് പതിവു സ്ഥലം തെറ്റിച്ച് മാറിയിരിക്കുന്നത്? ഇവൻ കരയുകയാണോ? ശെടാ... ഇവനിതെന്തു പറ്റി?
ആദ്യമായിട്ടാണ് അവന്റെ കലങ്ങിയ കണ്ണുകൾക്ക് അവൾ സാക്ഷിയാവുന്നത്..
ഇതിനു മാത്രം ഇവന് എന്താണ് സംഭവിച്ചത്? അവൾക്ക് ഒന്നും തന്നെ മനസ്സിലായില്ല.. അല്ല.... അവൻ ഉടുത്തിരിക്കുന്നത് പണ്ട് ഞാൻ സമ്മാനിച്ച ആ പിങ്ക് ഷർട്ടല്ലെ? പിങ്ക് നിറം ഇഷ്ടമല്ല എന്നൊക്കെപ്പറഞ്ഞ് അന്ന് എത്ര വഴക്ക് കൂടിയതാണ്... ഒരിക്കലും ഇത് ധരിച്ചിട്ടുമില്ല... എന്നിട്ട് ഇന്നിതെന്താ ഇങ്ങനെ?...
അവൾ ശബ്ദമുണ്ടാക്കാതെ, പതിയെ അവന്റെ അരികിലേക്ക് നടന്നു.. അവന്റെ കയ്യിൽ എന്തോ ഉള്ളത് അവൾ ശ്രദ്ധിച്ചു.. അതും നോക്കിയാണ് അവൻ കരയുന്നത്... അത് ഒരു photo ആയിരുന്നു... ആരുടേതെന്നറിയുവാൻ അവൾ എത്തി നോക്കി... സ്വന്തം photo കണ്ട് അവൾ അതിശയിച്ചു.
അവൾ വിളിച്ചു 'മനു..... നിനക്ക് എന്താ പറ്റിയത്? നീ എന്തിനാ കരയുന്നത്? '... അവൻ തിരിഞ്ഞു നോക്കിയില്ല.. അവൾ വീണ്ടും ഉറക്കെ വിളിച്ചു..... 'മനൂ.... എന്നെ നോക്ക് മനു.... '... അവൻ കേട്ടില്ല.... അവൻ മാത്രമല്ല, ആരും അവളെ കേട്ടില്ല. ആരും കണ്ടുമില്ല.
ഒരു നിമിഷം അവൾ സ്തബ്ധയായ് നിന്നു.
കാതങ്ങൾക്കപ്പുറം അവർ കണ്ടുമുട്ടട്ടെ!
Tuesday, March 5, 2019
സൺസെറ്റ്
അങ്ങകലെ ആഴിയുടെ അലകളെ പുൽകുന്ന സൂര്യനെ നോക്കി ഞാൻ നിശബ്ദയായ് നിന്നു. അസ്തമയം എന്ന മായക്കാഴ്ച്ച എനിക്ക് ഇന്നും അത്ഭുതമാണ്.... നാളെയുടെ പ്രതീക്ഷയെ ബാക്കി നിർത്തി ഇന്നിന്റെ വേദനകളെ കഴുകിക്കളയുവാൻ മുങ്ങാംകുഴിയിടാൻ തിടുക്കം കൂട്ടുന്ന സൂര്യൻ.....
കാലം പരുക്കേൽപ്പിച്ച എന്റെ വൃണങ്ങളെ അരുമയോടെ തലോടുന്ന അലകൾ... അറിയാതെ മിഴിയിൽ നിന്നും തുളുമ്പി വന്ന ഓർമ്മകളെ സ്നേഹത്തോടെ തുടച്ചു നീക്കുന്ന കാറ്റലകൾ... കണ്ണുനീരിന്റ ഉപ്പുരസം ഈ ഉപ്പു കാറ്റിന് ഏറെ ഇഷ്ടമായിരുന്നിരിക്കാം... അറിയില്ല.....
അതോ , അലകൾക്കു സമ്മാനിക്കാൻ എന്റെ മിഴിനീരിനെ മോഷ്ടിക്കുകയാണോ .... ഒരു പക്ഷേ അതാവാം തിരകൾക്ക് ഇത്ര ഉപ്പുരസം...
എത്ര പിണങ്ങിയാലും പതിവായി സാഗരത്തിൽ സംഗമിക്കുന്ന സൂര്യന്റെ സ്നേഹമാണോ, അതോ എത്ര മാറ്റി നിർത്തിയിട്ടും തീരത്തിനെ തലോടുന്ന തിരയുടെ സ്നേഹമാണോ വലുത്?
എന്റെ ചിന്തകൾ ചോദ്യങ്ങളുടെ ഒഴുക്കിൽ പെട്ടു... നാളെ എന്ന പ്രതീക്ഷ.... ഞാൻ കണ്ടെത്തിയ ഉത്തരം അതായിരുന്നു... കാലം കരുതി വെച്ചിട്ടുണ്ട് ഒരു പുലരി... ആ പുലരിയിൽ ഉണ്ടാവട്ടെ ഒരു പുഞ്ചിരി ..... സൂര്യനും, തിരകൾക്കും , തീരത്തിനും , എന്റെ ചുണ്ടിലും, അല്ല എല്ലാ ചുണ്ടുകളിലും...